Sunday, July 26, 2009

7(A) ചേട്ടന്മാര്‍.

എനിക്ക് രണ്ടു ചേട്ടന്മാരും ഒരു അനിയത്തിയും. അടുത്തുള്ള ചേട്ടന്മാരെക്കാള്‍ ദൂരെ ഉള്ള ചേട്ടന്മാരെ ആണ് കൂടുതല്‍ പരിചിതം. ഞങ്ങള്‍ എല്ലാരും കൂടെ കുറെ നാള്‍ ഒന്നിച്ചു താമസിച്ചിട്ടില്ല. ഞാന്‍ ബാലവാടിയില്‍ പോയപ്പോള്‍ അവര്‍ സ്കൂളില്‍ പോയി. ഞാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ അവര്‍ കോളേജില്‍ പോയി. ചിലപ്പോള്‍ അമ്മച്ചിക്ക് ട്രാന്‍സ്ഫര്‍. അല്ലെങ്കില്‍ ചാച്ചനു ട്രാന്‍സ്ഫര്‍. അങ്ങനെ കോളേജും കഴിഞ്ഞു ഞാന്‍ എത്തിയപ്പോഴേക്കും , ചേട്ടന്മാര്‍ക്ക് വിവാഹമായി. അവര്‍ക്ക് അവരുടെ അണുകുടുംബങ്ങള്‍. എപ്പോഴും അവരുടെ കൂടെ ആയിരുന്നേ ഒക്കൂ. അതാണ് അതിന്റെ ശരി .ഇപ്പോള്‍ എന്റെ അനിയത്തി കുട്ടിയും ഇങ്ങനെ ചിന്തിക്കുന്നുണ്ടാവണം. അവള്‍ ആഗ്രഹിക്കുമ്പോഴെല്ലാം എനിക്ക് അവളുടെ അടുത്തെത്താന്‍ പറ്റാറില്ല.

ചേട്ടന്മാരെ കാണണം എന്നുള്ളപ്പോള്‍ ഞാന്‍ അവര്‍ വരച്ചു തന്ന ചെറുപ്പ കാലത്തെ കുറിചോര്‍ക്കും. പല നിറങ്ങളില്‍ , പല വലുപ്പം ഉള്ള വരകളില്‍ കുത്തിവരഞ്ഞ മായാത്ത ചിത്രം.


എന്റെ രണ്ടാമത്തെ ചേട്ടനുമായി എപ്പോഴും ഞാന്‍ അടി കൂടുമായിരുന്നു. കല്ലുപെന്‍സില്‍ ഒടിച്ചതില്‍ , എന്റെ അവല്‍ പാത്രത്തില്‍ കൈ തൊട്ടതില്‍ , എന്റെ സ്റ്റീല്‍ ഗ്ലാസ്സു എടുത്താല്‍ . അങ്ങനെ അങ്ങനെ. ചേട്ടന്റെ മുഖത്തെ എല്ലാ പാടുകളും ഞാന്‍ ആയി മാന്തി ഉണ്ടാക്കിയതാണ്. അത് കാണുമ്പൊള്‍ ഇപ്പോഴും എനിക്ക് വിഷമത്തില്‍ പൊതിഞ്ഞ ചമ്മലാണ്. എന്നേക്കാള്‍ നാലു വയസു മൂത്തതാണ് ചേട്ടന്‍.എങ്കിലും കൂട്ടുള്ളപ്പോള്‍ ഞങ്ങള്‍ ഭയങ്കര കൂട്ടാണ്. ഞങ്ങള്‍ അങ്ങനെ ഇരുന്നു ഉച്ചത്തില്‍ സ്വപനങ്ങള്‍ പറയാറുണ്ടായിരുന്നു. വലുതാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളേ പറ്റി. ചേട്ടന്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. തൊടുന്നതില്‍ ജീവന്‍ ഊതി വീര്‍പ്പിക്കാന്‍ പറ്റുന്ന ഒരാള്‍. ഞങ്ങളുടെ വിഷയങ്ങള്‍ എന്നാല്‍ , പരസ്യചിത്രങ്ങള്‍ , സിനിമകള്‍ , തീം based restaurants അങ്ങനെ വായിലും കൈയിലും കൊള്ളാത്ത കാര്യങ്ങള്‍ ആയിരുന്നു . ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമുള്ള ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. പറയാനും , കേള്‍ക്കാനും.

എന്റെ മൂത്ത ചേട്ടന്‍ എന്നേക്കാള്‍ ആറു വയസ്സ് മേലെ ആണ്. എനിക്കറിയവുന്നതില്‍ ഏറ്റവും ബുദ്ധിമാനായ ഒരാള്‍. Intelligence രണ്ടു തരത്തില്‍ എന്ന് പറയാറുണ്ട്. Logical Intelligence and Emotional Intelligence. ഞാന്‍ ഉദേശിച്ചത്‌ ആദ്യത്തെ വകുപ്പാണ്. ശരിക്കും എന്റെ ചാച്ചനെ പോലെ ആയിരുന്നു ചേട്ടന്‍. അവര്‍ രണ്ടു പേരും കണക്കിന്റെ കാര്യത്തില്‍ രാക്ഷസന്മാര്‍ ആണ്.
എനിക്കാണെങ്കില്‍ കണക്കെന്ന് പറഞ്ഞാലേ ഒരു കണക്കാ. അവരുടെ ഈ സാമര്‍ത്ഥ്യം ആകണം അവരെ ഒരു conventional അച്ഛനും മകനും എന്നതിനെക്കാള്‍ കൂട്ടുകാരെ പോലാക്കിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞു നോക്കുമ്പോള്‍ അവര്‍ കൂട്ടുകാര്‍ എന്നതിനെക്കാള്‍ conventional അച്ഛനും മകനും ആയെന്നു തോന്നുന്നു. രണ്ടു പ്രാവശ്യം എന്നെ കെട്ടിപിടിച്ചു ചേട്ടന്‍ കരഞ്ഞിട്ടുണ്ട്. എന്റെ മോശം കണക്കുകള്‍ തന്നെ ആയിരുന്നു കാരണം. ഞങ്ങള്‍ക്ക് പൊതുവായി ഒന്നും തന്നെ പറയാന്‍ ഇല്ല എന്നല്ല , ഉള്ളത് വളരെ കുറവാണു എന്നതാണ് സത്യം. അത് വായിക്കാന്‍ രസം ഉള്ള ഒരു സത്യം അല്ല.

നമുക്ക് ഒരാളോടു എത്ര മാത്രം അടുക്കാന്‍ പറ്റും എന്നത് അയാളുമായി ഉള്ള കോമണ്‍ interest- ഇനെ ആശ്രയിച്ചു ഇരിക്കും . പൊതുവായി പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പറയാനും കേള്‍ക്കാനും ധാരാളം ഉണ്ടാകും.കൂടുതല്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഒരാളെ മനസ്സില്‍ ആകും. എനിക്ക് പേടി ഉണ്ട്. സമയം ഇറ്റിറ്റു വീഴുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരുടെ ലിസ്റ്റില്‍ ചേട്ടന്‍ ഇല്ല.

തീരെ ചെറുപ്പത്തില്‍ ചേട്ടന്‍ ഞങ്ങളുടെ എല്ലാം ഹീറോ ആയിരുന്നു. സ്കൂളില്‍ നിന്ന് വരുമ്പോള്‍ ചേട്ടന്‍ ഓരോരോ കഥകള്‍ പറയും. വഴിയില്‍ കണ്ട കല്ലെന്ജിന്‍ പറത്തി സ്കൂളില്‍ പോയി ലാന്‍ഡ്‌ ചെയ്യിപ്പിച്ചത് , കള്ളന്മാരെയും , ഗുണ്ടകളെയും ഇടിച്ചു നിരത്തി അവരെ ഒരു പാഠം പഠിപ്പിച്ചത് , അങ്ങനെ അങ്ങനെ ഒട്ടേറെ കഥകള്‍.